സാമൂഹ്യ നീതി
സേവനങ്ങൾ
2015-ല്‍ നടപ്പിലാക്കിയ ട്രാന്‍സ് ജെന്‍ഡര്‍ നയത്തില്‍ നിഷ്ക്കര്ശിച്ചിട്ടുള്ളതുപോലെ ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിനായാണ് ജെന്‍ഡര്‍ സെല്‍ രൂപീകരച്ചിരിക്കുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ എകോപനത്തിനും, നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഇവരെ മുഖ്യധാരയില്‍ നിര്‍ത്തുന്നതിനുമായി ക്രിയാത്മകമായ സമീപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. ഇതിലേയ്ക്കായി സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തി കൊണ്ട് 2018 ഫെബ്രുവരി മുതല്‍ ട്രാന്‍സ് ജെന്‍ഡര്‍ സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ട്രാന്‍സ് ജെന്‍ഡര്‍ സെല്ലിലെ ജീവനക്കാരായി നിയമിക്കപ്പെട്ടിട്ടുള്ളവര്‍ 1- പ്രൊജക്റ്റ് ഓഫീസര്‍ 2- പ്രൊജക്റ്റ് അസിസ്റ്റന്റ് 1- ഓഫീസ് അറ്റന്‍ഡര്‍ പ്രസ്തുത സെല്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിലാണ്.
ട്രാന്‍സ് ജെന്‍ഡര്‍ ഹെല്‍പ്പ് ലൈന്‍
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 24x7 ട്രാന്‍സ് ജെന്‍ഡര്‍ ഹെല്പ്ലൈന് ആരംഭിച്ചിട്ടുണ്ട് -1800 425 2147. കമ്മ്യുണിറ്റി കൗണ്‍സിലറിന്റെ സേവനം ഏതു സമയത്തും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നതാണ്. ലഭിക്കുന്ന പരാതികല്ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ വകുപ്പ് ശ്രദ്ധിക്കുന്നതായിരിക്കും. പോലീസിന്റെ സേവനം അത്യാവശ്യമായിടത്ത് എത്തിക്കുവാനും ഇതുവഴി സാധിക്കുന്നതാണ്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാര്യക്ഷമമായി ക്രോഡീകരിക്കാനും, വേണ്ടതരത്തില്‍ നിയമനടപടികള്‍ കൈക്കൊള്ളാനും സാധിക്കുന്നതാണ്.
ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് കാണപ്പെടുന്നത്. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ഇന്ത്യയില്‍ 2002-ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് 1961-ല്‍ 5.83 ശതമാനവും, 1991-ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജനവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ്സ് വരെ 53.8 ശതമാനവും 70 വയസ്സിനുമുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്. വരും വര്‍ഷങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കേരളത്തിന്റെ ജനസംഘ്യയുടെ 20 ശതമാനമായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഈ ജനവിഭാഗത്തിന്റെ പരിപാലനത്തിലും സാമൂഹ്യസുരക്ഷയിലും അവകാശ സംരക്ഷണത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.
കേരള സര്‍ക്കാരിന്റെ വയോജന സൗഹൃദ നയത്തിനു ഊന്നല്‍ നല്‍കികൊണ്ട് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് എല്‍ഡര്‍ലൈന്‍ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും കോവിഡ് കാലഘട്ടത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും 14567 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന 2007-ലെ നിയമത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാകാന്‍ എല്‍ഡര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് എല്‍ഡര്‍ലൈന്‍ മുതിര്‍ന്ന പൗരന്മാര്ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. സേവനങ്ങള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വയോജനങ്ങള്‍ക്കുവേണ്ടി ലഭ്യമാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, അതുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള്‍, പെന്ഷന്, സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007മായി ബന്ധപ്പെട്ട സഹായങ്ങള്‍, മറ്റ് നിയമസഹായങ്ങള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആവശ്യമായ ഇടപെടലുകള്‍. വയോജനങ്ങള്‍ നേരിടുന്ന മാനസിക പ്രയാസങ്ങള്‍ക്കും കോവിഡാനന്തര മാനസിക സംഘര്‍ഷങ്ങള്‍ക്കുമുള്ള പിന്തുണ. അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായ ചൂഷണം നേരിടുന്ന പ്രായമായവര്‍ക്കുള്ള സഹായങ്ങള്‍.
ഒരു കുറ്റവാളിയെ തടവില്‍ തന്നെ പാര്‍പ്പിക്കണമെന്നും പരമാവധി കാലം സമൂഹത്തില്‍ നിന്നും അകറ്റിനിറുത്തണമെന്നും മുന്‍കാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, വ്യക്തിഗത ചികിത്സയിലൂടെ കുറ്റവാളിയെ തിരുത്തുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യുന്നതു വഴി സമൂഹത്തിന് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ കഴിയും എന്ന് പില്ക്കാലത്ത് തിരിച്ചറിഞ്ഞു. എന്നാല്‍, ഒരു നിശ്ചിത ഉത്തേജകാനുഭത്തോട് എല്ലാ വ്യക്തികളും ഒരേ തരത്തിലല്ല പ്രതികരിക്കുക എന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. രണ്ട് വ്യക്തികള്‍ ഒരേ തരത്തിലുള്ള കുറ്റം ചെയ്തവരായിരിക്കും എന്നാല്‍ ഈ രണ്ട് പ്രവര്‍ത്തികളും അവയുടെ സാമൂഹികവും സാമ്പത്തികവും മാനസികവും പാരിസ്ഥിതികവുമായ പിരിവുകളാല്‍ വ്യത്യാസപ്പെട്ടിരിക്കും. കുറ്റവാളികള്‍ക്കായി പല നവീകൃത ചികിത്സാ പദ്ധതികളും വികസിപ്പിക്കുന്നതിലേക്ക് ഈ നവീകൃത തിരിച്ചറിവ് നയിച്ചിട്ടുണ്ട്. കുറ്റവാളികളുടെ സാമൂഹിക പുനഃക്രമീകരണത്തിന് സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന സ്ഥാപനേതര ചികിത്സാ രീതിയാണ് പ്രൊബേഷന്‍ എന്നു പറയാം. തടവുശിക്ഷയ്ക്ക് പകരമായിട്ടാണ് ഇവ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്ന കുറ്റവാളികളുടെ തടവു പിന്‍വലിക്കുകയും ഈ കാലയളവില്‍ കുറ്റവാളിയെ പ്രൊബേഷന്‍ ഓഫീസറുടെ വ്യക്തിഗത മേല്‍നോട്ടത്തിന് കീഴിലാക്കുകയും വ്യക്തിഗതമായ ചികിത്സ നല്‍കുകയും രീതിയാണ് പ്രൊബേഷന്‍. പ്രൊബേഷന്‍ കാലത്തിന്റെ ദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. കോടതിയാണ് കാലയളവ് തീരുമാനിക്കുന്നത്. കൂടാതെ, സ്ഥാപനത്തിന് വെളിയില്‍ നിയമത്തിന്റെ അധികാരത്തിന്റെ പിന്‍ബലത്തോടെ നടത്തുന്ന വ്യക്തികള്‍ക്കുവേണ്ടിയുള്ള ആധുനിക ശാസ്ത്രീയ രോഗപഠന (modern scientific casework)മാണ് പ്രൊബേഷന്‍. വ്യക്തികളെ കുറിച്ചുള്ള സൂക്ഷമമായ പഠനവും യോഗ്യതയും പരിശീലനവും ലഭിച്ച പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ തീവ്രമേല്നോട്ടവും ഇതിനാവശ്യമാണ്. കുറ്റവാളികളെ പൂര്‍ണമായും സമൂഹത്തിലേക്ക് പുനഃപ്രവേശിപ്പിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ശിക്ഷയുടെ അപമാനഭാരം പൂര്‍ണമായും കഴുകി കളയുന്നതിനും പ്രൊബേഷന്‍ ഓഫീസറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാക്കുന്നതിനും നിയമം അയാളെ സഹായിക്കുന്നു. ശ്രദ്ധയിലുള്ള വ്യക്തിയെ സഹായിക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുകയാണ് പ്രൊബേഷന്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ട പ്രവര്‍ത്തനം. പ്രൊബേഷണറെ സുസ്ഥിരമാക്കാനും നിയമങ്ങള്‍ അനുസരിക്കുന്നവനാക്കാനും പ്രൊബേഷന്‍ ഓഫീസര്‍ സഹായിക്കുന്നു. പ്രൊബേഷന്‍ കാലയളവില്‍, കുറ്റവാളി നിയമവും നിയന്ത്രണങ്ങളും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രൊബേഷന്‍ ഓഫീസര്‍ അയാളെ നിരന്തരം ബന്ധപ്പെടുകയും വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
കേരളത്തില്‍, പ്രൊബേഷന്‍ സമ്പ്രദായം ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി. കുറ്റവാളികളെ, പ്രൊബേഷന്‍ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത്, സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കുക്കയാണ് ജില്ലാ പ്രൊബേഷന്‍ ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ലക്ഷ്യങ്ങള്‍ 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ടിന്റെ പ്രയോജനം അര്‍ഹാരായവര്‍ക്ക് എത്തിക്കുക. 18 നും 21 നുമിടയില്‍ പ്രായമുള്ള യുവകുറ്റവാളികള്‍ക്ക് തടവുശിക്ഷ നല്‍കാതെ പ്രൊബേഷന്‍ സംവിധാനത്തിന്റെ സേവനം ലഭിക്കാനുള്ള അവരുടെ നിയമപരമായ അവകാശം സംരക്ഷിക്കുക. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ജയില്‍ ശിക്ഷകള്‍ക്ക് വിധേയരാക്കാതെ, പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാക്കുക. 18 മുതല്‍ 25 വയസ്സുവരെയുള്ള ആദ്യ കുറ്റവാളികളില്‍ സാമൂഹ്യമനശാസ്ത്ര ഇടപെടല്‍ നടത്തി വീണ്ടും കേസില്‍ പെടാതെ നോക്കുകയും സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യുക. പ്രൊബേഷന്‍ നിയമപ്രകാരം പരിഗണിക്കപ്പെടാന്‍, അര്‍ഹതയുള്ള വിചാരണ തടവുകാരെ കണ്ടെത്തി അവരുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന് കോടതിയെ സഹായിക്കുക. 18 നും 21 നുമിടയില്‍ പ്രായമുള്ള യുവകുറ്റവാളികള്ക്കും വിചാരണ തടവുകാര്‍ക്കും ബോര്‍സ്റ്റല്‍ സ്കൂള്‍ ആക്ട് പ്രകാരമുള്ള സേവനം ലഭ്യമാക്കുക. ജയില്‍ മോചിതരായ വ്യക്തികള്‍ക്ക്, വീണ്ടും കുറ്റകൃത്യത്തില്‍പ്പെടുന്ന സാഹചര്യം ഇല്ലാതാക്കി അവരുടെ സാമൂഹിക പുനരധിവാസം ഉറപ്പുവരുത്തുക. തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് തടവുകാരുടെ കുടുംബ സാമൂഹ്യ പുനഃസംയോജനം സുഗമമാക്കുക. ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്നകുട്ടികളില്‍ തടവുകാരുടെ മക്കള്‍/അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മക്കളുണ്ടെങ്കില്‍ അവരില്‍ സാമൂഹ്യ മനശാസ്ത്ര ഇടപെടല്‍ നടത്തി പുനരധിവസിപ്പിക്കുക. ലക്ഷ്യവിഭാഗങ്ങള്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നവര്‍ 18 നും 21 നുമിടയില്‍ പ്രായമുള്ള ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ പ്പെട്ടവര്, വിചാരണ തടവുകാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിയ്ക്കാവുന്ന കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തുപോയവര്‍ പോലീസ് ജാമ്യത്തില്‍ വിടുതല്‍ ചെയ്യപ്പെട്ട യുവകുറ്റാരോപിതര്, സ്ത്രീ കുറ്റാരോപിതര്‍ 18 മുതല്‍ 25 വയസ്സുവരെയുള്ള ആദ്യ കുറ്റവാളികള്‍ മുന്‍ തടവുകാരും കുടുംബാംഗങ്ങളും ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്നകുട്ടികളില്‍ തടവുകാരുടെ മക്കള്‍/അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മക്കള്‍ പ്രവര്‍ത്തനങ്ങള്‍ പോലീസ്, ജയില്‍, ജഡീഷറി, തദ്ദേശസ്വയംഭരണം സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പോലീസ് ജയില്‍ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. ജില്ലാ പ്രൊബേഷന്‍ ഓഫീസുകളില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിച്ച്, വിചാരണ തടവുകാരുടെ സാമൂഹിക മാനസിക പഠനം നടത്തി പ്രൊബേഷന്‍ നിയമം, ബോര്‍സ്റ്റല്‍ സ്കൂള്‍ നിയമം എന്നിവപ്രകാരം പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക കോടതിയ്ക്ക് നല്‍കും. കോടതികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പ്രൊബേഷന്‍ റിപ്പോര്‍ട്ടുകള്‍ കോടതികള്‍ക്ക് സമര്‍പ്പിക്കും. ആദ്യ കുറ്റവാളികളില്‍ സാമൂഹ്യമനശാസ്ത്ര ഇടപെടല്‍ നടത്തി വീണ്ടും കേസില്‍ പെടാതെ നോക്കുകയും സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യും. വിചാരണ തടവുകാര്‍ക്കും, തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്കും സൗജന്യമായ ലീഗല്‍ കൗണ്‍സിലിംഗും നിയമസഹായവും ലഭ്യമാക്കും. മുന്‍ തടവുകാര്‍ക്കും പ്രൊബേഷന്‍ മേല്നോട്ടത്തില്പ്പെട്ടവര്ക്കും സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കും. ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്നകുട്ടികളില്‍ തടവുകാരുടെ മക്കള്‍/അതിക്രമത്തിനിരയായി ഗുരുതരമായി പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മക്കളുണ്ടെങ്കില്‍ അവരില്‍ സാമൂഹ്യ മനശാസ്ത്ര ഇടപെടല്‍ നടത്തി പുനരധിവസിപ്പിക്കും. പ്രൊബേഷന്‍ നിയമത്തെക്കുറിച്ച് വ്യാപകമായ ബോധവത്ക്കരണം നല്‍കും.
സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവര്‍. സാധാരണ മനുഷ്യര്‍ക്ക് പൊതുവേ നിര്‍വ്വഹിക്കാന്‍ കഴിയുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ അതേ വിധം നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയെ ഭിന്നശേഷിയെന്ന് പറയാം. 2001 വര്‍ഷത്തെ സെന്‍സസ് പ്രകാരം ഭാരതത്തിലെ ജനസംഖ്യയുടെ ഏകദേശം 2.1 ശതമാനത്തോളം അംഗപരിമിതരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 2015-ല്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിക്കാരുടെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 22 തരം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 7,94,834 പേരെ കണ്ടെത്തിയിട്ടുണ്ട്. ഭരണഘടന അനുശാസിക്കുംവിധം ഇവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നതിനായി പ്രത്യേക പരിഗണനയോടുകൂടിയുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. എല്ലാ പൗരന്മാര്ക്കുമൊപ്പം ഭരണഘടന അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി, എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതര്‍ക്ക് ഒട്ടനവധി സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു.
കോവിഡ് 19 മഹാമാരി കാരണം വീടുകളില്‍ തന്നെ അടച്ചു കഴിയേണ്ടി വന്ന ഭിന്നശേഷിക്കാരും അവരെ സംരക്ഷിക്കുന്ന കുടുംബങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും പലപ്പോഴും ഇത് അക്രമങ്ങളിലേക്കും സ്വഭാവ പ്രശ്നങ്ങളിലേക്കും നയിക്കുന്നതായും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനം ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ഇവര്‍ക്ക് മാനസിക പിന്തുണയും, അവശ്യ സേവനങ്ങളും, സഹായങ്ങളും ലഭ്യമാക്കുന്നതിനുമായാണ് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘സഹജീവനം’ ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളായ വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ആരോഗ്യം, വനിതാ-ശിശു വികസനം എന്നിവരുടെ സഹകരണത്തോടും എകോപനത്തോടും കൂടി ആണ് സാമൂഹ്യനീതി വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്കൂള്‍, ബഡ്സ് സ്കൂള്‍, സമഗ്ര ശിക്ഷ കേരളയിലെ സ്പെഷ്യല്‍ എഡുക്കേറ്റര്‍മാര്‍ എന്നിവരെ വളണ്ടിയര്‍മാരായി തെരഞ്ഞെടുത്ത് എല്ലാ പഞ്ചായത്തിലും ഈ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിലേക്ക് സന്നദ്ധരായി എത്തിയ മൂവായിരത്തോളം വളണ്ടിയര്‍മാരെ ഇതിനായി പരിശീലനം നല്കി സജ്ജരാക്കിയിട്ടുണ്ട്.
1960-ലെ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബില്‍ ഹോംസ് (സുപ്പര്‍വിഷന്‍ ആന്‍ഡ് കണ്ട്രോള്) ആക്ട്-ലെ അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ 1963-ല്‍ പുറപ്പെടുവിച്ച റെഗുലേഷന്‍സ് പ്രകാരമാണ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് പ്രവര്‍ത്തിച്ചു വരുന്നത്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംസ്ഥാന സമിതിയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എം.എല്‍.എ-മാര്‍ ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായിട്ടുള്ള നിരീഷണ സമിതിയും നിലവിലുണ്ട്. കൂടാതെ ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിന് സംവിധാനം നിലവിലുണ്ട്. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് ചുവടെ പറയുന്ന വിഭാഗത്തില്‍പ്പെടുന്നു സ്ഥാപനങ്ങലാണ്:- . ഫൗണ്ട്ലിംഗ് ഹോം . ഹോം ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഓര്‍ഫനേജസ് . ഹോം ഫോര്‍ വിമന്‍ ഇന്‍ ഡിസ്ട്രസ് . വൃദ്ധസദനം . അംഗപരിമിതര്‍ക്കുള്ള ഹോം . ബെഗ്ഗര്‍ ഹോം . മറ്റുള്ളവ (അഗതികള്‍ക്കുള്ള ഹോം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള . സൈക്കോസോഷ്യല്‍ പുനരധിവാസ കേന്ദ്രങ്ങള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള ഹോം, എച്ച്.ഐ.വി ബാധിതരുടെ മക്കള്‍ക്കുള്ള ഹോം, എന്നിവ)